05-10-2023

മനോരോഗചികിത്സ : 7 തെറ്റിദ്ധാരണകള്‍ ഡോ. ഷാഹുല്‍ അമീന്‍

i

ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനം ആളുകള്‍ക്കും ഗൗരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ രോഗം യഥാസമയം തിരിച്ചറിയപ്പെടാതെ പോവാനും ശാസ്ത്രീയ ചികിത്സകള്‍ വൈകി മാത്രം ലഭ്യമാവാനും

ചികിത്സകള്‍ പൂര്‍ണ്ണമായി ഫലിക്കാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാവാനു മെല്ലാം ഇടയാക്കുന്നുണ്ട്. ചങ്ങനാശ്ശേരിയുടെ ഇരുപതു കിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെ മനോരോഗബാധിതര്‍ക്കുള്ള പത്തോളം റീഹാബിലിറ്റേഷന്‍ സെന്ററുകളുണ്ട്. അവിടെയെല്ലാം കൂടി നൂറുകണക്കിനു രോഗികള്‍ വര്‍ഷങ്ങളായി ബന്ധുമിത്രാദികളില്‍ നിന്നകന്നു ജീവിക്കുന്നുമുണ്ട്. ഈയൊവരവസ്ഥ ഭാവിയിലെങ്കിലും മാറണമെങ്കില്‍ താഴെപ്പറയുന്ന തെറ്റിദ്ധാരണകളില്‍ നിന്നും നാം മുക്തരാവേണ്ടതുണ്ട്. 


1. മനോരോഗങ്ങള്‍ ഒരാളുടെ മനസ്സ് ദുര്‍ബലമായതുകൊണ്ടോ മുജ്ജന്മപാപം കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ വളര്‍ത്തുദോഷം കൊണ്ടോ ഉപബോധമനസ്സില്‍ അഞ്ജാതഭയങ്ങള്‍ ഒളിച്ചിരിക്കുന്നതു കൊണ്ടോ വരുന്നതല്ല. മനോവൃത്തികള്‍ എന്നു നാം ഗണിക്കുന്ന ചിന്ത, ഓര്‍മ, വികാരങ്ങള്‍ തുടങ്ങിയവയെല്ലാം തലച്ചോറിന്റെ വിവിധ ഘടകങ്ങളുടെ സൃഷ്ടികളാണ്. മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നത് പ്രസ്തുത മസ്തിഷ്‌ക ഭാഗങ്ങളില്‍ പാരമ്പര്യം, ലഹരിയുപയോഗം, പരിക്കുകള്‍, അപസ്മാരം പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം പോലുള്ള ശാരീരിക രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില തകരാറുകള്‍ പറ്റുമ്പോഴാണ്. അതിനാല്‍ ത്തന്നെ, മനോരോഗങ്ങള്‍ക്ക് വേണ്ടത് തലച്ചോറുകളെ തിരിച്ചു നോര്‍മലാക്കാനുള്ള ചികിത്സകളാണ്.


2. സൈക്ക്യാട്രിമരുന്നുകളെല്ലാം ഉറക്കഗുളികകളോ, ആളെ ചുമ്മാ തളര്‍ത്തിയിടാന്‍ കൊടുക്കുന്നവയോ ആണെന്ന് വികല ധാരണ പ്രബലമാണ്. മിക്ക മനോരോഗങ്ങളിലും തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നുണ്ട്. ഇതു പരിഹരിക്കുകയാണ് ഭൂരിഭാഗം സൈക്ക്യാട്രി മരുന്നുകളും ചെയ്യുന്നത്. രോഗത്തിന്റെ ഭാഗമായി സാരമായ ഉറക്കക്കുറവു പിടിപെട്ടവര്‍ക്ക്, അതും ചികിത്സാരംഭത്തില്‍ അല്‍പനാളുകള്‍ മാത്രം, പൊതുവേ ഉറക്കഗുളികള്‍ കുറിക്കപ്പെടാറുള്ളൂ.


3. സൈക്ക്യാട്രി മരുന്നുകള്‍ അഡിക്ഷനാവുന്നവയല്ല. ഒരാള്‍ക്ക് ഒരു പദാര്‍ത്ഥം അഡിക്ഷനായി എന്നു പറയുക അതുപയോഗിക്കാനുള്ള ത്വര സദാ ഉണര്‍ന്നുകൊണ്ടിരിക്കുക, സര്‍വ ഉത്തരവാദിത്തങ്ങളെയും അവഗണിച്ച് ആള്‍ അതിന്റെ പിറകെ മാത്രം കൂടുക, കാലക്രമത്തില്‍ ആ പദാര്‍ത്ഥം കൂടുതല്‍ക്കൂടുതലളവില്‍ ഉപയോഗിക്കേണ്ടി വരിക എന്നൊക്കെയുള്ളപ്പോഴാണ്. സൈക്ക്യാട്രിമരുന്നുകളുടെ കാര്യത്തില്‍ ഇപ്പറഞ്ഞതൊന്നും സംഭവിക്കാറില്ല. കുറച്ചുകാലം മരുന്നു കഴിച്ചാല്‍ പിന്നെ ഡോസ് ക്രമേണ കുറക്കുകയാണ് പതിവ്, അല്ലാതെ അഡിക്ഷനുകളെപ്പോലെ കൂട്ടിക്കൂട്ടിപ്പോവുകയല്ല. 


4. മനോരോഗങ്ങള്‍ക്കെല്ലാം നല്ലത് കൗണ്‍സിലിങ്ങാണ്, അതു ഫലിച്ചില്ലെങ്കില്‍ മാത്രം ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കണ്ടാല്‍ മതി എന്ന ധാരണ പലര്‍ക്കുമുണ്ട്. ചില പ്രശ്‌നങ്ങള്‍ക്ക് - ഉദാഹരണത്തിന് പരീക്ഷാപ്പേടി, ദാമ്പത്യാസ്വാര്യാസ്യങ്ങള്‍, ചേരേണ്ട ജോലിയെയോ കോഴ്‌സിനെയോ കുറിച്ചുള്ള ചിന്താക്കുഴപ്പം തുടങ്ങിയവയ്ക്ക് കൗണ്‍സിലിംഗ് തികച്ചും മതിയാകും. എന്നാല്‍ കൂടുതല്‍ സാരമായ ലക്ഷണങ്ങളുള്ളപ്പോള്‍ അവ മസ്തിഷ്‌കപരമോ ശാരീരികമോ ആയ പ്രശ്‌നങ്ങളുടെ ഭാഗമല്ല എന്നു പരിശോധിച്ചുറപ്പു വരുത്താന്‍ ഒരു സൈക്ക്യാട്രിസ്റ്റിനെയോ മറ്റേതെങ്കിലും ഡോക്ടറെയോ കാണുന്നത് നല്ലത് എന്നു മാത്രമല്ല, സാരമായ രോഗങ്ങള്‍ മിക്കതിനും മരുന്നുകളെടുക്കുകയും ഒപ്പം കൗണ്‍സിലിംഗോ സൈക്കോതെറാപ്പിയോടു കൂടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. അതേ സമയം, അത്ര തീവ്രമല്ലാത്ത വിഷാദം, ഉത്കണ്ഠ തുടങ്ങിയവക്ക് സൈക്കോതെറാപ്പി മാത്രമാണെങ്കിലും ഫലിച്ചേക്കും. 


5. സൈക്ക്യാട്രി മരുന്നുകള്‍ ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനേ പറ്റില്ല എന്നൊരു ധാരണയുണ്ട്. നല്ലൊരു ശതമാനം രോഗികള്‍ക്കും - പ്രത്യേകിച്ച് ഒട്ടും വൈകിക്കാതെ ചികിത്സ തുടങ്ങിയവര്‍ക്കും തീവ്രത താരതമ്യേന കുറഞ്ഞ രോഗമുള്ളവര്‍ക്കും - ഏതാനും മാസങ്ങളിലോ ഒന്നോ രണ്ടോ വര്‍ഷങ്ങളിലോ മരുന്നു പൂര്‍ണ്ണമായും നിര്‍ത്താനാവുന്നുണ്ട്.  എന്നാല്‍ ചില രോഗികള്‍ക്ക്, ഉദാഹരണത്തിന് രോഗം കൂടുതല്‍ ചിരസ്ഥായിയായിപ്പോയവര്‍ക്കും കുടുംബത്തില്‍ മറ്റു പലര്‍ക്കും രോഗമുള്ളവര്‍ക്കുമൊക്കെ, കുറച്ചധികം കാലം  മരുന്നെടുക്കേണ്ടി വരാറുമുണ്ട്, പ്രമേഹമോ ബിപിയോ കൊളസ്‌ട്രോളോ അപസ്മാരമോ ഒക്കെ ബാധിച്ചവരെപ്പോലെ തന്നെ. 


6. സൈക്ക്യാട്രി മരുന്നുകള്‍ ഏറെ സൈഡ് എഫക്റ്റ് ഉള്ളവയാണ്, കിഡ്‌നി കേടാക്കും ഭാവിയില്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കും എന്നൊക്കെയുള്ള വിശ്വാസങ്ങളും സജീവമാണ്. ഏതൊരു മരുന്നുകളെയും പോലെ സൈക്ക്യാട്രി മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഫോളോഅപ്പുകള്‍ മുടക്കാതിരിക്കുകയും കാലാകാലങ്ങളില്‍ തക്ക പരിശോധനകള്‍ക്കു വിധേയരാവുകയും ചെയ്താല്‍ ഇത്തരം പാര്‍ശ്വഫലങ്ങളെ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനുമാവും. സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്. അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്‌നിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുത്താറുള്ളത്. ഏതൊരു മരുന്നിന്റെയും പാര്‍ശ്വഫലങ്ങള്‍ അവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്തേ പ്രത്യക്ഷപ്പെടൂ, അല്ലാതെ മരുന്നു നിര്‍ത്തി ഏറെക്കാലം കഴിഞ്ഞു തലപൊക്കുന്ന ഒരു പാര്‍ശ്വഫലങ്ങളും സൈക്ക്യാട്രിയിലില്ല. 


7. ഇനിയുമൊരു ധാരണയുള്ളത് മരുന്നുകള്‍ ശരീരത്തിലും മരുന്നില്ലാത്ത ചികിത്സകളായ കൗണ്‍സലിംഗും സൈക്കോതെറാപ്പിയും 'മനസ്സിലും' ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. അതിനാല്‍ത്തന്നെ ഇത്തരം ഔഷധരഹിത ചികിത്സകള്‍ എന്തോ കുറഞ്ഞ കാര്യമാണെന്ന ധാരണയില്‍ അവയോടു മുഖം തിരിക്കുന്നവരും ഉണ്ട്. കൗണ്‍സിലിംഗും സൈക്കോതെറാപ്പിയും പ്രവര്‍ത്തിക്കുന്നതും നമ്മുടെ തലച്ചോറുകളുടെയും ജീനുകളുടെയും ഘടനകളില്‍ മാറ്റം വരുത്തികൊണ്ടു തന്നെയാണ്.

Call Now
04812722100

WhatsApp
(Chat Now)

Home Care
9207846999