ജീവിതം മടുപ്പിക്കും തലവേദന - ഡോ. വിനോദ് ജോസ് കാക്കനാട്ട് (കണ്‍സള്‍റ്റന്റ് ഇ.എന്‍.റ്റി. സര്‍ജന്‍)
hജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. എല്ലാ തലവേദനകളെയും ഭയപ്പെടേണ്ടതുണ്ടോ ? ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന മറുപടി തുടര്‍ച്ചയായി ഉണ്ടാകുന്നതും നീണ്ടുനില്‍ക്കുന്നതും ആണെങ്കില്‍ ഭയപ്പെടുക തന്നെ വേണം എന്നാണ്. ചികിത്സ തേടേണ്ട അത്തരം തലവേദനകളെക്കുറിച്ചാണ് പ്രധാനമായി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
1 സൈനസൈറ്റിസുകള്‍ സൃഷ്ടിക്കുന്ന തലവേദന
തലയോട്ടിയ്ക്കുള്ളിലെ വായുനിറഞ്ഞ അറകളാണ് സൈനസുകള്‍. കാലാവസ്ഥാ വ്യതിയാനം, അലര്‍ജി, അണുബാധ എന്നിവയെല്ലാം സൈനസൈറ്റിസിന് കാരണയമായിത്തീരാം. രണ്ടുതരം സൈനസൈറ്റിസ് ഉണ്ട്. ഹ്രസ്വകാല സൈനസൈറ്റിസുകളും, ദീര്‍ഘകാല സൈനസൈറ്റിസുകളും. ഇവ രണ്ടും ഗൗരവത്തോടെ കാണണം. എത്രയും നേരത്തെ ചികിത്സ തുടങ്ങുന്നുവോ അത്രയും നേരത്തെ ഫലം ഉണ്ടായിത്തുടങ്ങും. ചികിത്സിച്ചാല്‍ ഉറപ്പായും ഭേദമാകുന്ന രോഗമാണ് സൈനസറ്റിസുകള്‍. അതിനുപയോഗിക്കുന്ന മരുന്നുകളെപ്പറ്റിയും ശസ്ത്രക്രിയകളെക്കുറിച്ചും പിന്നീട് പരാമര്‍ശിക്കാം.
2 മൈഗ്രെയിന്‍
മൈഗ്രയിന്‍ ഉണ്ടാവാന്‍ പലതരത്തിലുള്ള പ്രേരണാ ഘടകങ്ങള്‍ ഉണ്ട്. അമിതമായ ഉപവാസ ശീലമുള്ളവര്‍ക്ക് ഈ അസ്വസ്ഥതയ്ക്ക് സാധ്യത ഉണ്ട്. ഉറക്കം കൂടിയാലും കുറഞ്ഞാലും ഈ പ്രശ്‌നം ഉണ്ടാവാം. പ്രാതല്‍ ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കണം, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ സ്വാധീനിക്കും. വെയില്‍, ചൂട് എന്നിവ അവസ്ഥ വഷളാക്കും. വലിയ ശബ്ദവും ശക്തിയുമുള്ള പ്രകാശവും കാലാവസ്ഥ വ്യതിയാനവും മൈഗ്രെയിന് ഇടവരുത്താം. ഫാനും എസിയും കൂട്ടിയിടുന്നതും യാത്രാ സമ്മര്‍ദ്ധങ്ങളും ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗവും ചില ഭക്ഷണസാധനങ്ങളുടെ ഉപയോഗവും, മൈഗ്രെയിന് കാരണമായി പറയാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിന് ഒരു സമയ നിഷ്ടഉണ്ടാക്കുകയും സമീകൃത ആഹാരം പതിവായി കഴിക്കുകയും ചെയ്താല്‍ വലിയ തോതില്‍ ഈ പ്രശ്‌നം ഒഴിവാക്കാം. ചികിത്സയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അങ്ങനെയെങ്കില്‍ മൈഗ്രയിന്‍ മൂലമുള്ള തലവേദന നമുക്ക് ചികിത്സിച്ച് ഭേദമാക്കാം.
3 ടെന്‍ഷന്‍ തലവേദനകള്‍
ചില ആളുകള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ തലവേദന ഉണ്ടാകും. ഇത് മനോവികാരത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ്. പക്വതയുള്ള ചിന്തയ്ക്ക് ഇത്തരം ഘട്ടത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അപൂര്‍വ്വ മായ ചില സാഹചര്യത്തില്‍ മാത്രം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കേണ്ടിവരും. വികാരവും വിചാരവും സമഞ്ജസമമായി സമ്മേളിക്കുന്നിടത്താണ് ജീവിത വിജയം എന്ന ഓര്‍മ ടെന്‍ഷന്‍ മൂലമുള്ള തലവേദനയെ കുറയ്ക്കും. കുടുംബത്തിലും തൊഴില്‍ ഇടങ്ങളിലും മനസ് തുറന്ന് സംസാരിക്കാനും പങ്കുവയ്ക്കാനും തയ്യാറായാല്‍ ടെന്‍ഷന്‍ തലവേദന നിയന്ത്രിക്കാം.
4 തലച്ചോറിലെ മുഴകള്‍
അപൂര്‍വ്വമായ രോഗികളില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുക. തലവേദനകളെല്ലാം ബ്രെയിന്‍ ട്യൂമര്‍ കൊണ്ടാണെന്നു കരുതേണ്ടതില്ല. എങ്കിലും ചില അവസരത്തില്‍ ഇത് കാരണമാകുന്നു എന്ന് സൂചിപ്പിക്കുന്നു എന്നുമാത്രം. രോഗനിര്‍ണ്ണയത്തിന് സ്‌കാനിങ് ആവശ്യമാണ്. തലവേദന അവഗണിക്കാതെ ഇരിക്കണം.
5 തലച്ചോറിലെ രക്തസ്രാവം
തലച്ചോറിന് ഉള്ളില്‍ ഏതെങ്കിലും തരത്തില്‍ രക്തസ്രാവമുണ്ടായാല്‍ തലവേദന തോന്നാം. രക്തസ്രാവം ഇല്ലാതെ ആക്കുക എന്നതുമാത്രമാണ് ഇത്തരം തലവേദന കുറയ്ക്കാനുള്ള അടിസ്ഥാന ചികിത്സ. രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രിക്കണം.
6 ക്ലസ്റ്റര്‍ തലേവദന
ഇടയ്ക്കിടെ ഉണ്ടാവുന്ന തലവേദനയാണ് ക്ലസ്റ്റര്‍ തലവേദനകള്‍. സൂക്ഷമമായ ശ്രദ്ധയും രോഗിയുടെ സഹകരണവും കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ ഇത്തരം തലവേദനകളെ മനസ്സിലാക്കി ഫലപ്രദമായി ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയും. തലവേദനകളെ ഒരു രോഗലക്ഷണമായി പരിഗണിക്കണം. തലവേദനകള്‍ ഭൂരിപക്ഷവും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുന്നവ തന്നെയാണ്.
രോഗവിമുക്തിയില്‍ അല്പം പുരോഗതി കാണുമ്പോള്‍ ചികിത്സ അവസാനിപ്പിക്കുന്ന രീതി ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സ്‌കാനിങ് പോലുള്ള പരിശോധനകള്‍ കൃത്യമായി നടത്തുകയും ചികിത്സനേടുകയും ചെയ്താല്‍ വളരെ വേഗത്തില്‍ മാറ്റാവുന്നതും ശാശ്വത പരിഹാരം ഉള്ളതുമായ ഈ രോഗത്തെ നാം എന്തിന് ഭയപ്പെടണം.